ഭരണചരിത്രം

 

കുറ്റിച്ചൽ പഞ്ചായത്ത്: രൂപീകരണവും ആദ്യ ഭരണസമിതികളും

  • 1968 വരെ ഈ പ്രദേശം പൂവച്ചൽ പഞ്ചായത്തിന്റെ ഭാഗമായിരുന്നു.

  • മണ്ണൂർക്കര, കൊക്കുടി, പരുത്തിപ്പള്ളി, കോട്ടൂർ എന്നീ നാല് വാർഡുകൾ ചേർത്താണ് കുറ്റിച്ചൽ പഞ്ചായത്ത് രൂപവത്കരിച്ചത്.

  • 1-7-1968-ലെ എം.എസ്. 343/68 ഡിഡി നമ്പർ ഗവൺമെന്റ് ഉത്തരവിൻ പ്രകാരമാണ് ഇത് രൂപവത്കരിച്ചത്.

  • 8-8-1968-ൽ നിലവിലുണ്ടായിരുന്ന നാല് വാർഡുകളിലെ മെമ്പർമാരായ ആർ. ഗോപിനാഥൻ നായർ, കെ. വിശ്വംഭരൻ, കെ. കേശവപ്പണിക്കർ, കെ. കൃഷ്ണൻ നായർ എന്നിവരെ ഭരണനിർവ്വഹണത്തിന് നിയോഗിച്ചു.

  • ഈ കമ്മിറ്റിയുടെ പ്രസിഡന്റ് ആർ. ഗോപിനാഥൻ നായർ ആയിരുന്നു.

    • ആദ്യ ഭരണസമിതിയിലെ അംഗങ്ങൾ 

      • ആർ. ഗോപിനാഥൻ നായർ (പ്രസിഡന്റ്) - വാർഡ്: കൊക്കുടി

      • കെ. വിശ്വംഭരൻ (മെമ്പർ) - വാർഡ്: മണ്ണൂർക്കര

      • കെ. കേശവപ്പണിക്കർ (മെമ്പർ) - വാർഡ്: പരുത്തിപ്പള്ളി

      • കെ. കൃഷ്ണൻ നായർ (മെമ്പർ) - വാർഡ്: കോട്ടൂർ

 

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി (1975)

  • കമ്മിറ്റിയുടെ പ്രവർത്തനം സുഗമമല്ലാതായി കണ്ടതുകൊണ്ട് പഞ്ചായത്തിൽ ഭരണസ്തംഭനം നേരിടുന്നതായി എക്സിക്യൂട്ടീവ് ഓഫീസർ ഗവൺമെന്റ് റിപ്പോർട്ട് നൽകി.

  • ഇതിന്റെ അടിസ്ഥാനത്തിൽ 30-7-1975-ലെ ജി.ഓ എം.എസ് നമ്പർ 105/75/എൽ.എ ഡി എസ് ഡബ്ല്യൂ ഡി നമ്പർ ഗവൺമെന്റ് ഉത്തരവനുസരിച്ച് 16-8-1975-ൽ നിലവിലുള്ള അംഗങ്ങൾക്ക് പുറമേ അഞ്ച് പേരെ കൂട്ടിച്ചേർത്ത് ഒൻപത് പേരുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഭരണം ഏൽപ്പിച്ചു. ഈ കമ്മിറ്റിയുടെ പ്രസിഡന്റ് ആർ. ഗോപിനാഥൻ നായർ തന്നെയായിരുന്നു.

  • മറ്റ് അംഗങ്ങൾ: എം. മുഹമ്മദ് ഇബ്രാഹിം, ഡോ. വേളി എ. ഇബ്രാഹിം സാഹിബ്, എ.എം. സാലി, ഈഡിത് ഹെലൻ ജോൺസൺ, പി. ലോറൻസ്, കെ. സലീം, കെ. കൃഷ്ണൻ നായർ, കെ. വിശ്വംഭരൻ എന്നിവരായിരുന്നു.

  • തുടർച്ചയായി ഹാജരാകാത്തതിന്റെ പേരിൽ കെ. വിശ്വംഭരനെ പിന്നീട് നീക്കം ചെയ്തു.

 

പ്രഥമ തെരഞ്ഞെടുപ്പും ഭരണസമിതിയും (1979)

  • പഞ്ചായത്തിന്റെ പ്രഥമ തെരഞ്ഞെടുപ്പ് നടന്നത് 15-9-1979-ലാണ്.

  • മത്സരിച്ച കക്ഷികൾ:

    • ഒരു ഭാഗത്ത്: സി.പി.ഐ. (എം), കോൺഗ്രസ് (എ).

    • മറുഭാഗത്ത്: സി.പി.ഐ, ജനതാദൾ, മുസ്ലിംലീഗ്, കോൺഗ്രസ് (ഐ).

  • തെരഞ്ഞെടുപ്പ് ഫലം: സി.പി.ഐ എം (3), കോൺഗ്രസ് (എ) (3), സ്വതന്ത്രർ (2) എന്നിങ്ങനെ വിജയം പങ്കിട്ടു.

  • പുതിയ കമ്മിറ്റിയുടെ പ്രസിഡന്റ്: കെ.പി. മുഹമ്മദ് (കോൺഗ്രസ് (എ)).

  • വൈസ് പ്രസിഡന്റ്: ജി. കൃഷ്ണനാശാരി (സി.പി.ഐ (എം)) 

 

പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിടൽ (1984)

  • അഞ്ച് വർഷത്തെ കാലാവധി കഴിഞ്ഞപ്പോൾ തെരഞ്ഞെടുപ്പ് നടത്താതെ സംസ്ഥാനത്താകെ പഞ്ചായത്ത് കമ്മിറ്റികൾ പിരിച്ചുവിട്ട കൂട്ടത്തിൽ കുറ്റിച്ചലും പെട്ടു.

  • ഇത് നടന്നത്  29-9-1984-ൽ ആയിരുന്നു.

 

രണ്ടാം തെരഞ്ഞെടുപ്പും ഭരണസമിതിയും (1988)

  • പിന്നീട് 1988 ജനുവരിയിൽ തെരഞ്ഞെടുപ്പ് നടന്നു.

  • മത്സരിച്ച മുന്നണികൾ:

    • ഐക്യജനാധിപത്യമുന്നണിയിൽ: കോൺഗ്രസ് (ഐ) ഒറ്റയ്ക്ക്.

    • ഇടതുപക്ഷമുന്നണിയിൽ: സി.പി.ഐ (എം), സി.പി.ഐ, ആർ.എസ്.പി.

  • തെരഞ്ഞെടുപ്പ് ഫലം: ഒൻപത് സീറ്റിൽ എട്ടും കോൺഗ്രസ് (ഐ)ക്കും ഒരു സീറ്റ് സി.പി.ഐക്കും കിട്ടി.

  • പുതിയ കമ്മിറ്റി 3-2-1988-ൽ അധികാരത്തിൽ വന്നു.

  • പ്രസിഡന്റ്: ശ്രീ. വേലപ്പൻ.

  • വൈസ് പ്രസിഡന്റ്: ശ്രീ. എ.എസ്. ഭദ്രകുമാർ.

  • ആറ് മാസം പിന്നിട്ടപ്പോൾ കോൺഗ്രസ് (ഐ)-യിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കെ.പി. മുഹമ്മദും ശ്രീമതി. പുഡ്ഡാഭായിയും രാജിവെച്ച് സി.പി.ഐ (എം)-ൽ ചേർന്നു.

  • പ്രസിഡന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ വി. ചന്ദ്രമോഹനൻ പഞ്ചായത്തുമെമ്പർ സ്ഥാനം രാജിവെച്ചു.

  • 1992 ഒക്ടോബർ മാസം പ്രസിഡന്റ് വേലപ്പൻ ഗൾഫിൽ പോയതിനെത്തുടർന്ന് വൈസ് പ്രസിഡന്റ് എ.എസ്. ഭദ്രകുമാർ ആക്ടിങ്ങ് പ്രസിഡന്റായി ചുമതലയേറ്റു.

  • കമ്മിറ്റിയുടെ കാലാവധി 10-2-1994-ൽ അവസാനിച്ചു. പകരം തെരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തിൽ നിലവിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയായി നിയമിച്ചു.

  • ഭരണപരമായ പാളിച്ചകളെ തുടർന്ന് 1-10-1994-ലെ ജി.ഒ (എം.എസ്) 234/94 നമ്പർ സർക്കുലർ ഉത്തരവനുസരിച്ച് പഞ്ചായത്ത് കമ്മിറ്റിയെ സർക്കാർ പിരിച്ചുവിട്ടു.

  • പകരം നെടുമങ്ങാട് താലൂക്ക് പഞ്ചായത്ത് ഓഫീസറെ സ്പെഷ്യൽ ഓഫീസറായി നിയോഗിച്ചു.

 

മൂന്നാം തെരഞ്ഞെടുപ്പും ഭരണസമിതിയും (1995)

  • 1995 സെപ്റ്റംബറിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു.

  • മത്സരിച്ച കക്ഷികൾ:

    • ഇടതുപക്ഷജനാധിപത്യമുന്നണി (എൽ.ഡി.എഫ്): സി.പി.ഐ (എം), സി.പി.ഐ, ആർ.എസ്.പി, ജനതാദൾ.

    • ഐക്യജനാധിപത്യമുന്നണി (യു.ഡി.എഫ്): കോൺഗ്രസ് (ഐ), മുസ്ലീംലീഗ്.

    • മറ്റ് കക്ഷികളുടെ മുന്നണികൾ: ബി.ജെ.പി, കെ.ഡി.പി, പി.ഡി.പി.

  • തെരഞ്ഞെടുപ്പ് ഫലം: സംസ്ഥാനത്തിന് തന്നെ പുതുമ നൽകുന്ന ഫലങ്ങളാണ് വന്നത്.

    • എൽ.ഡി.എഫ്: 4 സീറ്റ് (സി.പി.എം 1, സി.പി.ഐ 1, ആർ.എസ്.പി 2)

    • ബി.ജെ.പി: 3 സീറ്റ്

    • കെ.ഡി.പി: 1 സീറ്റ്

    • മുസ്ലീംലീഗ്: 1 സീറ്റ്

  • പ്രസിഡന്റ് തെരഞ്ഞെടുപ്പ്:

    • എൽ.ഡി.എഫിന്റെ പിന്തുണയുണ്ടായിരുന്ന എസ്. ശാന്തകുമാരിക്ക് നാല് വോട്ട്.

    • ബി.ജെ.പിയിലെ വനജയ്ക്ക് മൂന്ന് വോട്ട്.

    • കൂടുതൽ വോട്ട് ലഭിച്ച എസ്. ശാന്തകുമാരി പ്രസിഡന്റായി.

  • വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്:

    • എൽ.ഡി.എഫിലെ എം. സിറാജുദ്ദീന് നാല് വോട്ട്.

    • ബി.ജെ.പിയിലെ റ്റി. ശ്രീകുമാറിന് നാല് വോട്ട്.

    • വോട്ട് തുല്യമായതിനാൽ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിലെ എം. സിറാജുദ്ദീനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.

  • പഞ്ചായത്തീരാജ് ആക്ട് അനുസരിച്ച് ജി. അപ്പുകുട്ടൻ നായരെ (എൽ.ഡി.എഫ്) സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പിന്നീട് തെരഞ്ഞെടുത്തു.

  • ഈ പഞ്ചായത്ത് സമിതിയിൽ ഒറ്റയ്ക്ക് ഒരു കക്ഷിക്കോ ഒരു മുന്നണിക്കോ കേവല ഭൂരിപക്ഷമില്ല.

  • ഒൻപത് വാർഡുകളിൽ, മൂന്ന് വനിതാ സംവരണ വാർഡുകളും, ഒരു പട്ടികജാതി സംവരണ വാർഡും, ഒരു പട്ടികവർഗ്ഗ സംവരണ വാർഡും, നാല് ജനറൽ വാർഡുകളുമാണുള്ളത്.

  • പട്ടികവർഗ്ഗ വാർഡിൽ നിന്നും ഒരു വനിതകൂടി തെരഞ്ഞെടുക്കപ്പെട്ടതോടെ പഞ്ചായത്തിലെ വനിതാംഗങ്ങളുടെ എണ്ണം നാലായി.