സ്ഥാപന ചരിത്രം
1968 വരെ പൂവച്ചലിനോട് ചേർന്ന് വളർന്ന കുറ്റിച്ചൽ ഇന്നൊരു പ്രത്യേക ഗ്രാമപഞ്ചായത്താണ്. ഒറ്റയ്ക്ക് ജീവിച്ച് കരുത്ത് ആർജിച്ചിട്ട് അര നൂറ്റാണ്ടിലധികം കഴിഞ്ഞിരിക്കുന്നു. വെള്ളനാട് വികസന ബ്ലോക്കിന്റെ മേൽനോട്ടത്തിലുള്ള തലസ്ഥാന ജില്ലയിലെ നെടുമങ്ങാട് താലൂക്കിന്റെ ഭാഗമായിരുന്ന കുറ്റിച്ചൽ പുതിയ താലൂക്ക് ആയ കാട്ടാക്കടയുടെ ഭാഗമായിട്ട് പത്തുവർഷം പോലുമായിട്ടില്ല. പുതിയ താലൂക്കിലെ 11 ഗ്രാമപഞ്ചായത്തുകളിൽ കൂടുതൽ ആദിവാസികൾ ഉള്ള മൂന്നോ നാലോ പഞ്ചായത്തുകളിൽ മുന്നിലാണ് കുറ്റിച്ചൽ. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട കോട്ടൂർ, ആമല റിസർവ് വനങ്ങളിൽ പെട്ടവരാണ് ഇവിടുത്തെ ഗോത്ര ജനങ്ങൾ. കാണിപ്പറ്റുകളില്(സെറ്റില്മെന്റുകള്) ചിലത് അഗസ്ത്യകൂടത്തോട് അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് പതിനാറാം നൂറ്റാണ്ട് മുതൽ എങ്കിലും ആദിവാസികൾ ഇവിടെ പാർപ്പിടം ഉറപ്പിച്ചിരിക്കാൻ ഇടയുണ്ട്.പാണ്ടി നാട്ടിൽ നിന്നും മലയിറങ്ങി വന്ന മനുഷ്യരെപ്പറ്റിയും അവരുടെ ദൈവങ്ങളെ പറ്റിയുമുള്ള വാമൊഴി പാട്ടുകളും കഥകളും ഇവരുടെ ആഗമനം പാണ്ടി നാട്ടിൽ നിന്നാണെന്ന് സൂചിപ്പിക്കുന്നു.
കുറ്റിച്ചൽ എന്ന പഞ്ചായത്തിന്റെ പേര് ഇവിടത്തെ ഇതര പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആധുനികമായാണെന്ന് കാണാം. പഞ്ചായത്ത് രൂപീകരിച്ച ശേഷമാണ് പുറംലോകത്ത് ഈ പേരിന് പ്രതിഷ്ഠ ലഭിച്ചത്.പഴയ കേരള ഭൂപടങ്ങളിൽ ഈ പഞ്ചായത്തിലെ പരുത്തിപള്ളി കോട്ടൂർ എന്നീ സ്ഥലം നാമമാണ് അടയാളപ്പെടുത്തി കണ്ടിട്ടുള്ളത്. തലസ്ഥാന ജില്ലയിലെ പ്രാചീന വനമേഖല എന്ന പ്രസിദ്ധി കോട്ടൂരിന് മുൻപേ ഉണ്ടായിരുന്നു. പരുത്തിപ്പള്ളി ആകട്ടെ വനംവകുപ്പിന്റെ റേഞ്ച് എന്ന നിലയിൽ ഔദ്യോഗിക രേഖയിൽ സ്ഥാനം പിടിച്ചതാണ്.വനംവകുപ്പിന്റെ ഒരു താൽക്കാലിക ക്യാമ്പ് ഷെഡ് പരുത്തിപള്ളിയിൽ ഉണ്ടായിരുന്നിടത്താണ് അലോപ്പതി ചികിത്സാ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത് മണ്ണൂർക്കര വില്ലേജിലാണ് പഞ്ചായത്ത് ഉൾപ്പെടുന്നത്.പഞ്ചായത്തിലെ ആദ്യകാല സ്ഥാപനങ്ങൾ പരുത്തിപ്പള്ളി,മണ്ണൂർക്കര എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.കുറ്റിച്ചൽ സ്കൂൾ ഭൂപടത്തിൽ പരുത്തി പള്ളിയെ പാർട്ടി പള്ളി എന്ന് തെറ്റായി എഴുതിയിട്ടുമുണ്ട് തലസ്ഥാനം ജില്ലയിലെ പ്രാചീന വലമേഖല എന്ന പ്രസിദ്ധ കോട്ടൂരിന് മുൻപേ ഉണ്ടായിരുന്നു പരുത്തിപ്പള്ളി ആകട്ടെ വനംവകുപ്പിന്റെ റേഞ്ച് എന്ന നിലയിൽ ഔദ്യോഗിക രേഖയിൽ സ്ഥാനം പിടിച്ചതാണ് വകുപ്പിന്റെ ഒരു താൽക്കാലിക ക്യാമ്പ് ഷെഡ് പരുത്തി പള്ളിയിൽ ഉണ്ടായിരുന്നിടത്താണ് അലോപ്പതി ചികിത്സാ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത് മണ്ണൂർക്കര വില്ലേജിലാണ് പഞ്ചായത്ത് ഉൾപ്പെടുന്നത് പഞ്ചായത്തിലെ ആദ്യകാല സ്ഥാപനങ്ങൾ പരുത്തിപ്പള്ളി മണ്ണൂർക്കര എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.കുറ്റിച്ചൽ സ്കൂൾ, സഹകരണസംഘം, റെയിഞ്ച് ഓഫീസ്, സിഎസ്ഐ പള്ളി എന്നിവ പരുത്തിപ്പള്ളി എന്ന പേരിലും, പോസ്റ്റ് ഓഫീസ്, സിദ്ധാശ്രമം, വില്ലേജ് ഓഫീസ് എന്നിവ മണ്ണൂർക്കര എന്ന പേരിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.അടുത്തകാലത്താണ് ഇതിൽ ചിലതിൽ മാറ്റം വന്നിട്ടുള്ളത്. കുറ്റിച്ചൽ കഴിഞ്ഞാൽ കള്ളോട് ആയിരുന്നു മുൻകാലത്ത് പരിഷ്കാരം സിദ്ധിച്ചിരുന്ന ഇടം.
പാണ്ടി (തമിഴ്നാട്) ദേശത്തുനിന്നും മല താണ്ടി കോട്ടൂരിലേക്ക് വരാറുണ്ടായിരുന്ന വഴിക്ക് പാണ്ടി പെരുവഴി എന്ന് പറഞ്ഞിരുന്നു. സാധാരണ ജനങ്ങൾ അതിനെ കീര വാടതടം എന്നും വിളിച്ചു പോന്നു. പാങ്കാവിന്റെ പ്രാന്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അരുവി മുപ്പത്തി ക്ഷേത്രത്തിന്റെ ഉല്പത്തിയെ കുറിച്ചുള്ള അരുവി മുത്തിയമ്മ തോറ്റതിൽ പാണ്ടിയിൽ നിന്നും പടയുമായി എത്തി ഇവിടത്തെ കാണി മൂപ്പനുമായി ഏറ്റുമുട്ടിയ കഥ പറയുന്നു. മധുരയിൽ നിന്നും പഴയകാലത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് എത്തിയിരുന്ന ഒരു എളുപ്പവഴിയായിരുന്നു അംബാസമുദ്രത്തിൽ നിന്നും കോട്ടൂർ വഴിക്ക് ഉണ്ടായിരുന്നത്.കണിയാരത്തമ്പുരാൻ ഊട്ടുപാട്ടിൽ പാണ്ടി പെരുവഴിയിലൂടെ വരുന്ന മാധിക്കുട്ടിയെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
പേപ്പാറ ഡാമിന്റെ റിസർവോയറിന്റെ ഭാഗമായി മുങ്ങിപ്പോയ കാവ്യാറ്റുമൺപുറവും പിച്ചമേത്തന്റെ അപ്പും (ഗുഹ) കാട് ഇറങ്ങി വന്ന പഴയ സഞ്ചാരികളുടെ വിശ്രമകേന്ദ്രങ്ങൾ ആയിരുന്നു എന്ന് പഴമക്കാർ പറയുന്നു. കിഴക്കനാട് അതിർത്തിയിൽ നിന്നും ദുർഘടപാതയിലൂടെ പൊതിക്കാളയും ആയിട്ടാണ് കോട്ടൂരും ആര്യനാട് വഴിയാത്രക്കാർ എത്തിയിരുന്നത്. ആര്യനാട് അന്ന് കച്ചവട ചരക്കുകൾ എത്തിയിരുന്ന ഒരു ചന്ത ഉണ്ടായിരുന്നു. പാതകൾ ഉണ്ടാകുന്നതിനു മുൻപ് കുന്നും കുഴിയും ഉള്ള പ്രദേശങ്ങളിലൂടെ കാളയുടെയോ കഴുതയുടെയോ പുറത്ത് യാത്രക്കാർ ആവശ്യമായ ഭക്ഷ്യസാധനങ്ങൾ, കഞ്ഞിവെക്കാൻ പാത്രം, കിടക്കകൾ എന്നിവ വച്ചു കെട്ടിയാണ് നടന്നെത്തിയിരുന്നത്.കാണിക്കാർ കൃഷി ചെയ്യുന്നതും അല്ലാത്തതുമായ വിഭവങ്ങൾ ഇന്ന് വനം വകുപ്പിന്റെ മേൽനോട്ടത്തിൽ ഫോറസ്റ്റ് വക കെട്ടിടത്തിൽ വച്ചാണ് ലേലം ചെയ്തു കൊടുക്കുന്നത്.കൃഷിക്ക് പുറമേ ആദിവാസികൾ ഈറ്റ ചൂരൽ ഇവ കൊണ്ടുണ്ടാക്കിയ പല ഗൃഹോപകരണങ്ങളും ചന്തയിൽ വിറ്റുവരുന്നു.
തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന പഴയകാലത്ത് കോട്ടൂർ ഒരു ആന പിടിത്ത കേന്ദ്രമായിരുന്നു. പാങ്കാവ് ശംഭുതാങ്ങി എന്നീ പ്രദേശങ്ങളിൽ രണ്ട് ആനക്കുഴികൾ വീതം ഇപ്പോഴും കാണുന്നുണ്ട്.കോട്ടൂർ ജംഗ്ഷൻ അടുത്ത് ആനകളെ മെരുക്കി എടുക്കുന്നതിന് ഉണ്ടായിരുന്ന സ്ഥലം ആനക്കൂട് എന്ന പേരിലാണ് പറഞ്ഞു വന്നത്.
നാട്ടിൽ വന്ന കൃഷി ചെയ്ത് ജീവിക്കാൻ തുടങ്ങിയവർ എന്നുമുതലാണ് ഗോത്ര ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടത് എന്ന് അറിഞ്ഞുകൂടാ. അത്ര പുതിയകാലത്തൊന്നും ആയിരിക്കാൻ ഇടയില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. കൊമ്പൈകാണി മുതൽ ആര്യനാട് അയ്യൻകാല മഠം വരെ തുടർച്ചയായ തെരുവുകൾ ഉണ്ടായിരുന്ന കാലത്തെപ്പറ്റി ആദിവാസി പറയുന്നതിൽ തെല്ലതിശയോക്തി ഉണ്ടായേക്കാമെങ്കിലും അതങ്ങ് പൂർണമായി തള്ളിക്കളയേണ്ടതില്ല. കുറഞ്ഞപക്ഷം അഗസ്ത്യാകൂട പാർശ്വത്തിൽ അതിരുമല തോട്ടം വരുന്നതിനുമുമ്പ് എങ്കിലും കുറ്റിച്ചലിന്റെ വിവിധ ഭാഗങ്ങളിൽ ജനവാസം ആരംഭിച്ചിട്ടുണ്ടാകണമല്ലോ. “പട്ടർ മുതൽ പറയർ വരെ” ഇവിടെ അധിവസിച്ചിട്ടുണ്ടെന്ന് തീണ്ടൽ തൊടീല് കാലത്ത് ആളുകൾ പറഞ്ഞിരുന്നു. മറ്റ് ഗ്രാമങ്ങളിൽ നിന്നും നായാട്ടിനു വന്നവർ പലരും ഇവിടത്തെ കന്നിമണ്ണ് കണ്ട് കൃഷിക്ക് എത്തിയവരാണ്. ആദിവാസികളുടെ കാർഷിക വിഭവങ്ങൾ കച്ചവടത്തിന് എത്തിയവരും ഇവിടെ സ്ഥിരതാമസമാക്കി. കാടും മണ്ണും കണ്ട് മോഹിതരായി ഇവിടേക്ക് എത്തിയവരാണ് പിന്നീട് കുറ്റിച്ചിലിന്റെ മക്കളായി തീർന്നവർ.
കുറ്റിച്ചലിനെ വിദൂര ദേശങ്ങളിലേക്ക് അടുപ്പിച്ച രണ്ട് റോഡുകൾ ഉണ്ട്. ഒന്ന് കോട്ടൂർ തിരുവനന്തപുരം, രണ്ട് നെടുമങ്ങാട്.ആദ്യത്തേത് തലസ്ഥാന നഗരിയെയും, രണ്ടാമത്തേത് അയൽ സംസ്ഥാനമായ തമിഴ്നാടിനെയും സ്പർശിക്കുന്നു. സാമ്പത്തിക വളർച്ചയിലും വിദ്യാഭ്യാസത്തിലും ഗതാഗതത്തിന് പ്രധാന ഭാഗമുണ്ട്. തോട്ടം കൃഷികള് ജൈവവൈവിധ്യ നഷ്ടം വരുത്തിയെങ്കിലും സമ്പദ്ഘടന മെച്ചപ്പെടുത്തിയിട്ടുണ്ട്.നെല്ല് ഉൾപ്പെടെയുള്ള ധാന്യങ്ങൾ വംശനാശത്തിലാണ്.കിഴങ്ങുകളുടെ ഉൽപ്പാദനവും വളരെ കുറഞ്ഞിരിക്കുന്നു.കൂപ്പ് ലേലത്തിന്റെ ഭാഗമായി വനത്തിന്റെ സസ്യസമ്പത്ത് നശിച്ചിട്ടുണ്ട്. ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ പ്രധാന കൈത്തൊഴിലിനാവശ്യമായ മുള, ചൂരൽ തുടങ്ങിയ അസംസ്കൃത വസ്തുക്കളും കിട്ടാനില്ല. വിവിധ ഇനം മാമ്പഴങ്ങൾ ലഭിച്ചിരുന്ന വൃക്ഷസമൃദ്ധി കുറഞ്ഞു. കാർഷിക മേഖലയിലെ മാറ്റം ആളുകളെ മറ്റു തൊഴിലുകളിലേക്ക് തിരിച്ചുവിട്ടു.